ഭക്ഷണപ്രിയർക്ക് വില്ലനല്ല കീരിക്കാടൻ റെസ്റ്ററന്റ്
മസാലയിൽ പുരട്ടിയെടുത്ത ചിക്കനും ബിരിയാണി റൈസും തിങ്ങി നിറച്ച് മുളംകുറ്റിയിൽ വെന്തു വേകുന്ന ബിരിയാണി. മുളംകുറ്റിയില്‍ തയാറാക്കുന്ന പുട്ടിന്റ രുചി അറിഞ്ഞവർ തീർച്ചയായും ബാംബൂ ബിരിയാണിക്ക് ഒരു കൈ നോക്കും. ഇറച്ചിചോറ്‍ കഴിച്ചിട്ടുണ്ടോ? കണ്ണു തള്ളേണ്ട അരിയും മസാലക്കൂട്ടിൽ പകുതി വെന്ത ബീഫും ഒരുമിച്ച് വേവിച്ചെടുക്കുന്നതാണ് ഇറച്ചിചോറ്‍. തനിനാടൻ രുചിയൊരുക്കുന്ന എറണാകുളം പനമ്പിള്ളിനഗറിലെ കീരിക്കാടൻ റെസ്റ്ററന്റിലേക്ക് പോകാം. മലയാള സിനിമയിലെ പേരുകേട്ട വില്ലൻ കീരിക്കാടൻ ജോസിന്റ ഹോട്ടലല്ല. എറണാകുളം സ്വദേശി അഭിലാഷിന്റയും ആൽഫി ആനീഷിന്റയും സ്വപ്നരഭമാണിത്.
കീരിക്കാടൻ റെസ്റ്ററന്റിൽ എത്തിയാൽ അടിപൊളി മലയാളം സിനിമ ഡയലോഗുകൾ വായിച്ചു രസിക്കാം. റെസ്റ്ററന്റിന്റെ ചുവരുകളിലെല്ലാം ഇടക്കാല സിനിമയുടെ ഒാർമയുണർത്തുന്ന പഞ്ച് ഡയലോഗുകൾ നിറഞ്ഞതാണ്. ഹോട്ടലിൽ എത്തിയാൽ നല്ലൊരു സിനിമ കണ്ട പ്രതീതിയാണ്. സിനിമയും രുചിയൂറും ഭക്ഷണവും കഴിച്ച് നറുപുഞ്ചിരിയോടെ മടങ്ങുന്ന ആളുകൾ പറയും കീരിക്കാടൻ സൂപ്പർ. വാചകത്തിലെ പ്രശംസയല്ല. ചുരുങ്ങിയ വർഷം കൊണ്ട് സ്വാദേറിയ വിഭവങ്ങള്‍ കൊണ്ടു ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് ഹോട്ടലിന്റ പ്രത്യേകത.
അപ്പം, ഇടിയപ്പം, പൊറോട്ട തുടങ്ങിയവ രാവിലെ വിളമ്പുമെങ്കിലും ഉൗണിനും ബിരിയാണിയ്ക്കുമാണ് തിരക്ക് കൂടുതൽ. ദിവസേന പതിമൂന്നുതരം മീന്‍ വിഭവങ്ങൾ ഉണ്ടാകുമെന്ന് ഹോട്ടൽ നടത്തിപ്പുകാരൻ അഭിലാഷ് പറയുന്നു. സിലോപ്പിയ, അയല, കിളിമീൻ, ചാള, കൊഴുവ തുടങ്ങിയവ മിക്കപ്പോഴും കാണും. മാർക്കറ്റിലെ ലഭ്യത അനുസരിച്ച് ചില ദിവസങ്ങളിൽ മാറ്റമുണ്ടാകും. വറ്റ, സിലോപ്പിയ, അയല, കിളിമീൻ, ചാള, കൊഴുവ തുടങ്ങിയവ ഫ്രൈയായും മൺച്ചട്ടിയിൽ മുളകരച്ചു വച്ചതും ഒപ്പം തേങ്ങാ വറുത്തരച്ച തെരണ്ടി, സ്രവ് തുടങ്ങിയവയും ഉണ്ടാവും. ചെമ്മീനും ബീഫ് ഫ്രൈയും കൂന്തലും ബീഫ് ചീനച്ചട്ടിയും അങ്ങനെ വിഭവങ്ങളുടെ രുചിമേളം തീർക്കുന്ന ഹോട്ടൽ.
സ്വകാര്യ ബാങ്ക് ജീവനക്കാരായ അഭിലാഷും ആൽഫി അനീഷും ഉറ്റ സുഹൃത്തുക്കളാണ്. ഭക്ഷണപ്രിയരായ ഇരുവരും പല ഹോട്ടലുകളുടെ രുചിയും രീതിയും അറിഞ്ഞവരാണ്. തുച്ഛമായ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണം വിളമ്പണം എന്ന ആശയവും ആഗ്രഹവുമാണ് കീരിക്കാടൻ റെസ്റ്ററന്റിന്റെ പിറവിക്കു പിന്നിൽ. കീരിക്കാടൻ റെസ്റ്ററന്റിനെ മറ്റു ഹോട്ടലിൽ നിന്നും വ്യത്യസ്തമാക്കുന്നത് വിലയും ഗുണമേന്മയുമാണ്. മീൻവിഭവങ്ങൾക്ക് മാർക്കറ്റിൽ വില താഴുന്നതനുസരിച്ച് ഹോട്ടലിലെ മീൻവിഭവങ്ങളുടെ വിലയും കുറയും. കൃത്യമായ വിലവിവരപ്പട്ടിക ഹോട്ടലിൽ കാണില്ല. അന്നന്നു വാങ്ങുന്നവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് ഒാരോന്നിനും വില ഇൗടാക്കുന്നത്. പഴമയുടെ പാരമ്പര്യം തെല്ലും കുറയ്ക്കാതെ തൂശൻ ഇലയിലാണ് ഭക്ഷണം വിളമ്പുന്നത്. എട്ടുകൂട്ടം കറികളുമായി വിളമ്പുന്ന ഉൗണിന് അൻപതു രൂപയാണ് ഇൗടാക്കുന്നത്. ചീനചട്ടിയിൽ ഉലർത്തിയ ബീഫിനും ചെമ്മീൻ റോസ്റ്റിനും എൺപതു രൂപയുമാണ്.
ഹോട്ടലിന് എടുത്തുപറയണ്ട മറ്റൊരു പ്രത്യേകത പാചകത്തിനെടുക്കുന്ന എണ്ണ മിച്ചം വന്നാൽ പിറ്റേന്ന് അതുതന്നെ എടുക്കുന്ന പതിവില്ലെന്നത് തന്നെയാണ്. വിഭവങ്ങൾ ഫ്രഷ് ആയിരിക്കണമെന്ന് നിർബന്ധമാണ്. ലാഭം കുറഞ്ഞാലും കലർപ്പില്ലാത്ത നല്ല ഭക്ഷണം വിളമ്പണം. കൂടാതെ ഉൽപന്നങ്ങൾക്ക് അൽപ്പായുസ്സും ഉപഭോക്താക്കൾക്ക് അധികായസ്സും ഇതാണ് കീരിക്കാടൻ റെസ്റ്ററന്റിന്റ ലക്ഷ്യം.
Comments
Post a Comment